2013, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

ചങ്ങാതി ഇനിയെങ്കിലും ജലം പാഴാക്കരുതേ .

ടാപ്പ് തുറക്കുമ്പോള്‍
പുറത്തു ചാടുന്നത്
നിന്റെ രക്തമോ
ഭൂമി തന്‍ കണ്ണീരോ

ജലത്തെ നീല സ്വര്‍ണം എന്ന് തന്നെ വിളിക്കണം .വരും കാലങ്ങളിലെ യുദ്ധം പൊന്നിനോ എണ്ണക്കോ വേണ്ടിയാവില്ല. ജലത്തിന്‌ വേണ്ടിയാവും .ഒരു തുള്ളി വെള്ളം എത്ര അമൂല്യമാണെന്നറിയുവാന്‍ റേഷന്‍ വെള്ളത്തിനായ്‌ ക്യു നില്‍ക്കുന്ന ആഫ്രിക്കാക്കാരോട് ചോദിക്കുക.പരമാവധി പതിനഞ്ചു ലിറ്ററാണ് അവന്റെ ഒരാഴ്ച്ചത്തെ റേഷന്‍ .അത് നമ്മുടെ ഫ്ലഷ് ടാങ്കിലെ ഒരു നേരത്തെ കപ്പാസിറ്റിയാണ് .അശാസ്ത്രീയവും അനിയന്ത്രിതവുമായ ജല ഉപയോഗത്തെ കുറിച്ച് ധാരണയുള്ളവരാകുകയാണ് ഏറ്റവും നല്ല ജല ധ്യാനം .ചില കാലങ്ങളില്‍ വൃക്ഷങ്ങള്‍ ഇല പൊഴിക്കുന്നത് പോലും വെള്ളത്തിന്റെ ഉപയോഗത്തെ പരിമിതപ്പെടുത്താനാണ്.പ്രകൃതിയില്‍ നിന്ന് പഠിക്കാത്ത മനുഷ്യര്‍..!

കണക്കുകള്‍ ഏതാണ്ട് ഇങ്ങനെയാണ്.ഭൂമിയുടെ മൂന്നില്‍ രണ്ടും ജലം തന്നെ .മനുഷ്യശരീരത്തിലെ ജലാംശം പോലെ .എന്നാല്‍ അതിന്റെ തൊണ്ണൂറ്റി എട്ട് ശതമാനവും കുടിക്കാന്‍ ആവാത്ത വിധത്തില്‍ ഉപ്പുള്ളത്.പിന്നെയുള്ളത് രണ്ടേ രണ്ടു ശതമാനം.അതിന്റെ പകുതി ഹിമാനികളുടെ തടങ്കലിലും.പിന്നെയുള്ളതിന്റെ തൊണ്ണൂറു ശതമാനവും ഭൂഗര്‍ഭ ജലമാണ് .അതൊരു തരം ഭൂമിയുടെ കരുതി വയ്ക്കലാണ് .അത് ഉപയോഗിച്ച് കൂടാ .വിത്തെടുത്തു കഞ്ഞി വയ്ക്കാന്‍ പാടില്ലല്ലോ .അവശേഷിക്കുന്നത് മാത്രമാണ് നമ്മുടെ കുടിവെള്ളം .അതിനെ മലിനപ്പെടുത്താനോ ദുരുപയോഗം ചെയ്യാനോ അതിന്റെ കാവല്ക്കാര്‍ക്ക് ആരാണ് അവകാശം കൊടുത്തത്....
ചങ്ങാതി ഇനിയെങ്കിലും ജലം പാഴാക്കരുതേ ...ജലത്തെ സ്വപ്നം കാണുന്ന ജനങ്ങള്‍ പാര്‍ക്കുന്ന ഭൂമിയാണിത് .നീ നിന്റെ സഹോദരന്റെ കാവല്ക്കാരനല്ലേ .പാവപ്പെട്ടവന്റെ രോദനം നീ കേള്‍ക്കുന്നില്ലേ .നിന്നെ നോക്കിയാണ് അവന്‍ ചങ്ക് പൊട്ടി നിലവിളിക്കുന്നത് ..എനിക്ക് ദാഹിക്കുന്നു ..എനിക്ക് ദാഹിക്കുന്നു...എനിക്ക് ദാഹിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ