2013, ഒക്‌ടോബർ 7, തിങ്കളാഴ്‌ച

ഏതു പ്രശ്നത്തിനും ഒരു പരിഹാരമുണ്ട്.

ഒരു കര്‍ഷകനു പഴയൊരു വാച്ചുണ്ടായിരുന്നു, അയാളുടെ അച്ഛന്‍ സമ്മാനിച്ചത്. ഒരിയ്ക്കല്‍ അതു വൈക്കോല്‍ കൂനയ്ക്കിടയില്‍ വീണുപോയി. അയാള്‍ കുറെ തിരഞ്ഞെങ്കിലും അതു കിട്ടിയില്ല. നിരാശനായ അയാള്‍ അടുത്തവീട്ടിലെ കുട്ടികളെ വിളിച്ചു കാര്യം പറഞ്ഞു. അവര്‍ വൈക്കോല്‍ കൂന മൊത്തം തിരിച്ചും മറിച്ചും തപ്പിയിട്ടും യാതൊരു പ്രയോജനവുമുണ്ടായില്ല. അങ്ങനെ സങ്കടപ്പെട്ട് ഇരിയ്ക്കുമ്പോള്‍ ഒരു ബാലന്‍ അയാളുടെ അടുത്തുവന്നു:

“അമ്മാവാ ഞാനൊന്നു ശ്രമിയ്ക്കട്ടെ?”

അയാള്‍ ആ കുട്ടിയെ കൌതുകത്തോടെ നോക്കി.
“മോനെ ഞങ്ങളെല്ലാം തിരിച്ചു മറിച്ചും നോക്കിയിട്ടും അതു കിട്ടിയില്ല. പിന്നെ നീ ഒറ്റയ്ക്കെന്തു ചെയ്യാനാ?”

“എങ്കിലും ഞാനൊന്നു ശ്രമിയ്ക്കട്ടെ?”

“അതിനെന്താ.. ആയിക്കൊള്ളു..”

ആ ബാലന്‍ വൈക്കോല്‍ കൂനയ്ക്കരുകിലേയ്ക്കു പോയി. ഏതാണ്ടു പതിനഞ്ചു മിനിട്ടു കഴിഞ്ഞപ്പോള്‍ അവന്‍ തിരികെ വന്നു, കൈയില്‍ നഷ്ടപ്പെട്ട ആ വാച്ചുമുണ്ടായിരുന്നു...! കര്‍ഷകന്‍ ആകെ അത്ഭുതപരതന്ത്രനായി. അവനെ കെട്ടിപ്പിടിച്ചു.

“മോനെ നിനക്കിതെങ്ങനെ കഴിഞ്ഞു?”

“ഞാന്‍ പ്രത്യേകിച്ചൊന്നും ചെയ്തില്ല. ആ വൈക്കോല്‍ കൂനയ്ക്കിടയില്‍ വെറുതെ ഇരുന്നു. എന്നിട്ടു ശബ്ദമുണ്ടാക്കാതെ കണ്ണുകളച്ച് ചെവികൂര്‍പ്പിച്ചു. അപ്പോള്‍ ഞാന്‍ കേട്ടു “ടിക് ടിക്” എന്ന ശബ്ദം. വാച്ച് പ്രവര്‍ത്തിയ്ക്കുന്ന ശബ്ദം. അങ്ങനെ ഞാന്‍ അതു കിടക്കുന്നയിടം കണ്ടെത്തി..!”
(കടപ്പാട്)

നോക്കൂ, ഏതു പ്രശ്നത്തിനും ഒരു പരിഹാരമുണ്ട്. ഒച്ചവെച്ചതുകൊണ്ടോ പരക്കം പാഞ്ഞതുകൊണ്ടോ നിങ്ങള്‍ക്കതു കണ്ടെത്താനാവില്ല. ശാന്തമായി, നിശബ്ദമായി മനസ്സര്‍പ്പിച്ചു കാതോര്‍ക്കുക. അപ്പോള്‍ ആ പരിഹാരത്തിന്റെ നേര്‍ത്ത ശബ്ദം നിങ്ങള്‍ക്കു കേള്‍ക്കാനാകും. ശുഭദിനം സുഹൃത്തുക്കളെ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ