2013, ഒക്‌ടോബർ 13, ഞായറാഴ്‌ച

സൗഹൃദങ്ങളിലും ഉണ്ട് ചില കള്ളനാണയങ്ങള്‍ .

1997ല്‍ ദമാമില്‍ എന്‍റെ തൊട്ടടുത്ത റൂമില്‍ താമസിച്ചിരുന്ന പട്ടാമ്പിക്കാരന്‍ കോയയുടെ അനുഭവം

കോയ ടാക്സിഡ്രൈവറായ കണ്ണൂര്‍കാരന്‍ ഭായിയെ പരിചയപ്പെടുന്നത് ഒരു ഓട്ടത്തിനിടയിലാണ് രണ്ട് പേരും നാല്‍പ്പത് കഴിഞ്ഞ സമപ്രായക്കാര്‍ , പരിചയക്കാര്‍ പിന്നെ ഇണ പിരിയാത്ത കൂട്ടുകാരാവാന്‍ അധിക സമയം വേണ്ടി വന്നില്ല

കണ്ണൂര്‍ ഭായി പണ്ട് ബോംബായീല് ദാദ ആയിരുന്നത്രെ !! മൂപ്പര്‍ക്ക് നാട്ടില്‍ രണ്ട് കെട്ട്യോള്‍ മാരും. അതില്‍ രണ്ടാമത്തോള് അതീവ മൊഞ്ചത്തി, താമസം രണ്ട് ചെറിയ കുട്ടികളുമൊത്ത് ഒരു വീട്ടില്‍ . ഈ കാര്യമൊക്കെ ഞമ്മളെ കോയക്കറിയാം മൊഞ്ചത്തിയുടെ ഫോട്ടോ കോയഒരിക്കല്‍ കണ്ടിട്ടുണ്ട്.

കോയ ലീവിന് നാട്ടിലേക്ക് പോകാനൊരുങ്ങുമ്പോള്‍ കണ്ണൂര്‍ ഭായിയോട് പറഞ്ഞു '' ഞമ്മള് ചെങ്ങായ്മാര് ആയ സ്ഥിതിക്ക് നിങ്ങള് വീട്ടിലേക്ക് വേണ്ട സാധനങ്ങള്‍ വാങ്ങിതന്നോളി ഞാന്‍ കൊണ്ട് പോയി കൊടുത്തോള '' '' പട്ടാമ്പീന്ന്‍ കണ്ണൂരിലേക്ക് പോകാനൊക്കെ ബുദ്ധിമുട്ടല്ലേ അതൊന്നും വേണ്ടാ ''

'' അങ്ങനെ പറഞ്ഞാല്‍ പറ്റില്ല ഭായി എന്തെങ്കിലും വാങ്ങിതന്നെ പറ്റൂ അല്ലെങ്കില്‍ എന്താ വേണ്ടതെന്ന് പറഞ്ഞാല്‍ മതി ഞാന്‍ വാങ്ങിക്കോള''

കോയ നിര്‍ബന്ധിച്ചപ്പോള്‍ ഭായി രണ്ട് വീട്ടിലേക്കുമായി കുറച്ച് സാധനങ്ങള്‍ വാങ്ങിക്കൊടുത്തു .കോയയുടെ ആത്മാര്‍ത്ഥതയില്‍ സംശയം തോന്നിയ ഭായി ഒരുത്തന്‍ വരുന്നുണ്ട് ഒന്ന്‍ സൂക്ഷിച്ചോളാന്‍ രണ്ടാം ഭാര്യക്ക് മുന്നറിയിപ്പ് കൊടുത്തു .

അങ്ങനെ നാട്ടിലെത്തി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ കോയ കണ്ണൂരിലേക്ക് വണ്ടി കയറി. നേരത്തെതന്നെ കണ്ണൂരിലെത്തിയ കോയ കൂട്ടുകാരന്‍റെ ആദ്യഭാര്യക്കുള്ള സാധനങ്ങള്‍ വേഗം കൊണ്ട്പോയിക്കൊടുത്തു, പിന്നെ കണ്ണൂര്‍ ടൗണില്‍ ചുറ്റിക്കറങ്ങി സമയം ആറുമണി ആയപ്പോള്‍ രണ്ടാം ഭാര്യയുടെ വീട്ടിലേക്ക് ചെന്നു.

ചെന്നപാടെ കോയ മുന്‍പരിചയക്കാരെ പോലെ കുട്ടികളെ എടുത്ത് മടിയില്‍ വെച്ച് താലോലിക്കാനും കളിപ്പിക്കാനുമൊക്കെ തുടങ്ങി , വീട്ടുകാരി ഒരു ഫോര്‍മാലിറ്റിക്ക് വേണ്ടി പറഞ്ഞതാണ് ഇന്നിവിടെ നിന്നിട്ട് നാളെ പോയാല്‍ മതീന്ന്‍ , പ്രതീക്ഷിച്ച ചോദ്യം കോയക്ക് സന്തോഷമായി, ആയിക്കോട്ടെ എനിക്കാണെങ്കില്‍ നാളെ രാവിലെ ഇനി വണ്ടികിട്ടൂ '' അങ്ങനെ വീട്ടുകാരി വിരുന്ന്‍കാരന് നാട്ടുമര്യാദ അനുസരിച്ച് വെള്ളം വറ്റിച്ച ചോറും കറിയുമൊക്കെ ഉണ്ടാക്കി സല്‍ക്കരിച്ചു .

കിടക്കാനായപ്പോ കോയക്ക് ഒറ്റക്ക് കിടക്കാന്‍ പേടി ധൈര്യത്തിന് ഓളും ഒപ്പം കിടക്കണംന്ന്, വെറുതെ വേണ്ടാ കോയ ഒരു സമ്മാനം കൊണ്ട് വന്നിട്ടുണ്ട് ഒരു പവന്‍റെ സ്വര്‍ണ്ണ വള . വീട്ടുകാരി കെട്ട്യോന്‍റെ കൂട്ടുകാരനെ കൊണ്ട് എടങ്ങേറായി അവസാനം ഗത്യന്തരമില്ലാതെ അവര്‍ ചോദിച്ചു ഞാന്‍ അയല്‍ക്കാരെ വിളിച്ച് കൂട്ടണോ അതോ നിങ്ങള്‍ ഇപ്പോള്‍ ഇറങ്ങി പോകുന്നോ'' ?, സംഗതി ഞമ്മളെ കാര്യം ഇവളുടെ അടുത്ത് നടക്കില്ലന്നു മനസ്സിലാക്കിയ കോയ നേരം വെളുത്താല്‍ ഉടന്‍ വിട്ടോളാം പരിചയമില്ലാത്ത സ്ഥലമാണ് ഇറക്കിവിടരുത് ഭായിയോട് ഇതൊന്നും പറയുകയും ചെയ്യരുതെന്നു താഴ്മയായി അഭ്യര്‍ഥിച്ചു .
പക്ഷെ നല്ലവളായ ഭായി യുടെ കെട്ട്യോള്‍ ഭായിയെ സംഭവങ്ങളൊക്കെ നല്ല വൃത്തിയായി കത്തെഴുതി അറിയിച്ചു ഇനി ഇങ്ങനെയുള്ള കൂട്ടുകാരുണ്ടെങ്കില്‍ ഇങ്ങോട്ട് പറഞ്ഞയക്കരുതെന്നും കത്തില്‍ കൂട്ടിച്ചേര്‍ത്തു .

അങ്ങനെ ആറുമാസത്തെ ലീവ് കഴിഞ്ഞു കോയ ദമാമില്‍ തിരിച്ചെത്തി. വിവരമറിഞ്ഞുവന്ന ഭായി കോയയെ അന്ന്‍ രാത്രി അവരുടെ റൂമിലേക്ക് കൂട്ടികൊണ്ട് പോയി. നേരം വെളുക്കുവോളം ബോംബെ സ്റ്റൈലില്‍ സല്‍ക്കരിച്ച് ഉള്ള് കലക്കി , രാവിലെ ഡ്യൂട്ടിക്ക് പോകാന്‍ കോയയെ റൂമില്‍ തിരിച്ചു കൊണ്ടാക്കുമ്പോള്‍ ഭായി പറഞ്ഞു '' രാത്രി ഞാന്‍വരും എന്നെ നിന്‍റെ റൂമിലേക്ക് കയറ്റി ഷോ ഉണ്ടാക്കിക്കരുത് പുറത്ത് നിന്ന് ഹോണടിക്കും ഇറങ്ങിവരണം'' പറഞ്ഞപോലെ രാത്രി ഭായിവന്നു ഹോണടിച്ചു. അനുസരണയുള്ള കുട്ടിയെപ്പോലെ കോയ ഭായിയുടെ വണ്ടിയില്‍ കയറി ഇരുന്നു. അന്ന്‍ കൊണ്ട് പോയി കണ്ണൂര്‍ സ്റ്റൈലില്‍ സല്‍ക്കരിച്ചു കോയയുടെ ശരീരം മൊത്തം നീര് കയറി കൊഴുത്തു. രാവിലെ അവശതയോടെ റൂമിലെത്തിയ കോയ ഭായിയുടെ റൂമിലെ ബാത്ത് റൂമില്‍ കാല് തെന്നി വീണതാണെന്ന് സഹവാസികളോട് കള്ളം പറഞ്ഞ് ലീവാക്കി റെസ്റ്റെടുത്തു ,

കലിപ്പ് തീരാത്ത ഭായി അന്ന്‍ രാത്രിയും വന്ന് ഹോണടിച്ചു, ഹോണടികേട്ട കോയ എന്നെ അടിക്കാനാണ്‌ എന്നും കൊണ്ട് പോകുന്നത് എന്നെ രക്ഷിക്കണം എന്ന്‍ റൂമിലുള്ളവരോട് പൊട്ടിക്കരഞ്ഞുകൊണ്ട് കെഞ്ചി, കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞപ്പോ റൂമിലുള്ളകോഴിക്കോട്ടെ ബീരാനിക്കാക്ക് സങ്കടം റൂമിലേക്ക് ഒരാവശ്യത്തിന് വന്ന ആളെ വെറും കയ്യോടെ മടക്ക്ണത് മോശല്ലേ ''ഇന്ന്‍ കൂടി ഭായി കൊണ്ട്പൊയ്ക്കോട്ടേ ''

സഹാവാസികള്‍ ഭായിയെ റൂമിലേക്ക് വിളിച്ച് വരുത്തി കോയയെ കൊണ്ട് മാപ്പ് പറയിപ്പിച്ചു മേലാല്‍ രണ്ട് പേരും തമ്മില്‍ കാണരുതെന്നും ഇതിന്‍റെ പേരില്‍ ഇനിയൊരു പ്രശ്നം ഉണ്ടാകരുതെന്നും പറഞ്ഞ് ഒത്തുതീര്‍പ്പ് ആക്കി ആ സൗഹൃദം പിരിച്ചു വിട്ടു .

.
സൗഹൃദങ്ങളിലും ഉണ്ട് ചില കള്ളനാണയങ്ങള്‍ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ