എനിക്കൊരു സംശയമുണ്ടായിരുന്നു. എവ്ടെയും വളരുന്നൊരു കാട്ട് ചെടി. മനോഹരമായ പൂക്കളില്ല. ഭംഗിയുള്ളോരു രൂപമല്ല. പച്ചനിറമാണ് മുഴുവന്‍. കാടെന്നു പറഞ്ഞു വെട്ടിക്കളയാറുണ്ട് പലരും, പലപ്പോഴായി... എന്നിട്ടും എന്തെ, ഇതിന്‍റെ പേര്, കമ്മ്യൂണിസ്റ്റ് പച്ച എന്നായി?
ചോദ്യത്തെക്കാള്‍ എളുപ്പമായി ഉത്തരം. വളമില്ലാതെ വളരും. ഏതു മുറിവിനും മരുന്നാണ്. ഒരു തല വെട്ടിയാല്‍ , ഇരു തലയായി വളരും. ഒന്നിച്ചു വളര്‍ന്നൊരു കോട്ടയായി നില്‍ക്കും. ഒരു പൂവില്‍ നിന്നായിരം ചെടി പൊട്ടിമുളക്കും. വേരിലൂടെ പലര്‍ ജനിക്കും.
വേനലില്‍ ഉണങ്ങിയെന്നു തോന്നും. നിറം ,പോകും. ഒരു തുള്ളി മഴമതി. പച്ചപ്പ് തിരിച്ചു വരാന്‍.
ആണ്ടിലൊരിക്കല്‍ ജനിക്കുന്ന ശീപോതിയല്ല. വ്യാഴവട്ടത്തില്‍ പൂക്കുന്ന കുറിഞ്ഞിയല്ല. കാലമെത്തി പൂക്കുന്ന അശോകമല്ല. ഇത് പച്ചയാണ് കമ്മ്യൂണിസ്റ്റ് പച്ച.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ