2013, ഒക്‌ടോബർ 9, ബുധനാഴ്‌ച

നമ്മുടെ മതേതരഭാരതത്തിന്റെ മതേതരത്വം

നമ്മുടെ മതേതരഭാരതത്തിന്റെ മതേതരത്വം ഭയങ്കര രസമാണ്. പെരുന്നാള്‍ വന്നാല്‍ ഹിന്ദു അപ്പ്റത്തെ വീട്ടിലെ കാക്കാടെ വീട്ടില്‍ വെച്ച കോഴിബിരിയാണി കഴിക്കും. ഓണം വന്നാ ഈ കാക്ക ഇപ്പ്റത്തെ വീട്ടില്‍ വെച്ച പായസം കുടിക്കും. ഇനി ശ്രീകൃഷ്ണന്റെ ഹാപ്പി ബര്‍ത്ത്ഡേ ആണെങ്കിലോ, കാക്കാടെ വീട്ടിലെ പര്‍ദ്ദ ഇട്ട അമ്മയുടെ ഇത്തിരിപ്പോന്ന മോന് പളപളത്തെ ഉടുപ്പൊക്കെ ഇടീച്ച് തലയില്‍ മയില്‍പ്പീലിയും ഫിറ്റ് ചെയ്ത്, ഇപ്പ്റത്തെ വീട്ടിലെ കൊച്ചിന്റെ കൂടെ ശോഭായാത്രയ്ക്ക് വിടും. ചെക്കന് ഈ പരിപാടി എന്താ എന്തിനാ എന്നൊന്നും അറിയില്ലെങ്കിപ്പോലും നമ്മള്‍ അത് മൊവീല്‍ ക്യാമറയില്‍ പിടിച്ച് ഫെയിസ്ബുക്കില്‍ ഇട്ട് 'കണ്ടാ കണ്ടാ... മതേതരത്വം മതേതരത്വം!' എന്ന്‍ കോള്‍മയിര്‍ കൊള്ളും. വിനീത് ശ്രീനിവാസന്‍ ആ ഫോട്ടോ സിനിമയിലെടുക്കുമ്പോ ആ സീന്‍ വരുമ്പഴും നമ്മള്‍ ഈ പറഞ്ഞ സാധനം കൊള്ളും (കോള്‍മയിര്‍!). പഷേങ്കി, ഈ പിള്ളേര് വലുതാവുമ്പോ ഇപ്പ്റത്തെ വീട്ടിലെ പെങ്കൊച്ചിന് ഒരു വിവാഹാലോചനയുമായി അപ്പ്റത്തെ വീട്ടിലോട്ട് (അല്ലെങ്കി തിരിച്ച്) ചെല്ലുന്നത് ഒന്ന്‍ ആലോചിച്ച് നോക്കിയേ... തിം തരികിട തോം! മതേതരത്വം കിടന്നിടത്ത് 'മ' പോലും കാണില്ല. ചിക്കന്‍ ബിരിയാണിക്കും അടപ്രഥമനും ഫാന്‍സി ഡ്രസ് പാര്‍ട്ടിയ്ക്കും ഒന്നും ജാതിമതവ്യത്യാസം ഇല്ല എന്നതാണ് നമ്മുടെ മതേതരത്വം കൊണ്ട് അര്‍ത്ഥമാക്കുന്നത്. മനുഷന്‍മാരുടെ ഉള്ളില്‍ 'ഇതരമതത്വം' ഇപ്പഴും നല്ല കട്ടയ്ക്ക് അടിഞ്ഞുകൂടി കിടപ്പുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ