2013, ഒക്‌ടോബർ 2, ബുധനാഴ്‌ച

അച്ഛന്‍’ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ‘ധൈര്യം’ എന്ന വാക്ക് ചേര്‍ത്ത് വെയ്ക്കാന്‍ തോന്നുന്നതെന്തുകൊണ്ടാണ്?

അച്ഛന്‍’ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ‘ധൈര്യം’ എന്ന വാക്ക് ചേര്‍ത്ത് വെയ്ക്കാന്‍ തോന്നുന്നതെന്തുകൊണ്ടാണ്? പിച്ച വച്ചു നടക്കുന്ന പ്രായത്തില്‍ കാലിടറിവീണപ്പോളെല്ലാം, കണ്ണടച്ച് ഭയപ്പാടോടെ നില്‍ക്കുന്ന അമ്മയെ മാറ്റി നിര്‍ത്തി, ധൈര്യം തന്ന് വീണ്ടും വീണ്ടും നിവര്‍ന്ന് നടക്കുവാന്‍ പഠിപ്പിച്ചതാരാണ്? അമ്മയ്ക്ക് തടുക്കാന്‍ പറ്റാത്ത കുസൃതികള്‍ കാണിച്ചപ്പോഴെല്ലാം നല്ല ചുട്ട അടി തന്ന് നേര്‍ വഴിയ്ക്ക് നയിച്ചതാരാണ്?

അച്ഛന്‍ ഒരു ഭയങ്കരനെന്ന് കരുതി അമ്മയുടെ നെഞ്ചോട് ചേര്‍ന്ന് തേങ്ങിക്കരയുമ്പോള്‍ ഉള്ളുരുകിയത് ആരുടെയാണ്? മുഖത്ത് ദേഷ്യം പ്രകടിപ്പിക്കുമ്പോഴും കുഞ്ഞിനൊരുപാട് വേദനിച്ചോയെന്ന് അമ്മയോട് ആംഗ്യം ചോദിക്കുന്നതാരാണ്? തന്നോടിഷ്ടക്കേട് കാണിച്ചാലും അമ്മയെ കുഞ്ഞ് കൂടുതല്‍ സ്നേഹിക്കുന്നതില്‍ സന്തോഷിക്കുന്നതാരാണ്?

ഇങ്ങനെ, പുറമേ പരുക്കനും കര്‍ക്കശക്കാരനുമായ ഒരച്ഛന്‍ എനിക്കുമുണ്ടായിരുന്നു. വളര്‍ച്ചയുടെ ഓരോ പടവുകളിലും ഒരു നിഴല്‍ പോലെ കൂടെ നിന്ന്, എന്റെ ഓരോ ജയത്തിലും തോല്‍വിയിലും എന്നേക്കാളേറെ സന്തോഷിക്കുകയും വേദനിക്കുകയും ചെയ്ത്, ചെറുപ്പത്തിലെ എന്റെ പിടിവാശികള്‍ക്ക് മുന്നില്‍ പലപ്പോഴും തോറ്റുപോയ എന്റെ പാവം അച്ഛന്‍! പക്ഷേ അച്ഛന്റെ കാര്‍ക്കശ്യത്തിന്റെ പിന്നിലുള്ള വാത്സല്യവും സ്നേഹവും തിരിച്ചറിയാന്‍ ഞാനേറെ വൈകിപ്പോയി. ഉള്ളിലുള്ള വാത്സല്യം ചിലപ്പോഴെങ്കിലും പുറമേ പ്രകടിപ്പിടിപ്പിച്ചിരുന്നെങ്കില്‍ അച്ഛനെ മനസ്സിലാക്കാന്‍ ഞാനിത്ര വൈകില്ലായിരുന്നു.

അമ്മയെപ്പോലെ തന്നെ സ്നേഹിക്കപ്പെടേണ്ടതാണ് അച്ഛനും ...പലപ്പോഴും നമ്മൾ മനസ്സിലാക്കപ്പെടാതെ പോകുന്നു അച്ഛന്റെ സ്നേഹം.... സത്യം പറയട്ടെ ഞാനും അങ്ങനെ ഒരു നിർഭാഗ്യവാനാണ് എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു എനിക്കുവേണ്ടി മാത്രം ജീവിക്കുന്ന എന്റെ അച്ഛനെ ആസ്നേഹത്തിന്റെ ഒരംശ്ം പോലും തിരികെ നൽകാൻ കഴിയാതെ പോയതോർക്കുംബോൾ ഇന്നും എന്റെ ഹ്ര്ദയം നുറുങ്ങുന്നു.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ