2013, ഒക്‌ടോബർ 8, ചൊവ്വാഴ്ച

ദാമ്പത്യം ഒരു ശാപമായാലുള്ള പ്രാര്‍ത്ഥന

കുറെ നാളായി അവരുടെ ദാമ്പത്യ ജീവിതം അസന്തുഷ്ടി നിറഞ്ഞതായിരുന്നു .
വീട്ടില്‍ സദാ സമയം കലഹം, ഭാര്യയുടെ മുന്‍ശുണ്‍ഠി അതിന്റെ മൂര്‍ദ്ധന്യത്തിലാണ്. ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് അവള്‍ കലഹിക്കും, പിന്നെ കയ്യില്‍ കിട്ടിയതെല്ലാം എടുത്ത് എറിഞ്ഞുടക്കും . ഭാര്‍ത്താവിനാണെങ്കില്‍ ഒന്നിലും ഒരു താല്പര്യമില്ലായ്മ. കിടപ്പറയില്‍ പഴയ വീര്യമൊന്നും കാണിക്കാന്‍ കഴിയുന്നില്ല. ആകെ മൊത്തത്തില്‍ അവരെ സംബന്ധിച്ചിടത്തോളം ദാമ്പത്യം ഒരു ശാപമായി മാറിയിരിക്കുന്നു.

അങ്ങിനെയിരിക്കെ ഭാര്യയോട് ഒരു കൂട്ടുകാരി ഒരു സ്വാമിജിയെ കുറിച്ചു പറഞ്ഞു കൊടുത്തു, അദ്ദേഹം ഇത്തരം പ്രശ്നങ്ങള്‍ക്ക് വളരെ ഫലപ്രദമായി പരിഹാരം ഉണ്ടാക്കി കൊടുക്കുമത്രേ. കുറച്ചു ധ്യാനവും യോഗയുമെല്ലാം അടങ്ങിയ വളരെ ചിട്ടയായ ഒരു ചികിത്സാ പാക്കേജാണ് സ്വാമിജിയുടെത്. ഒറ്റ കാര്യം മാത്രം, എല്ലാ പ്രശ്നങ്ങളും സ്വാമിജിയോടു തുറന്നു പറയണം.
സ്വാമിജിയുടെ യോഗാ ക്യാമ്പില്‍ രണ്ടു ദിവസം പങ്കെടുത്തപ്പോള്‍ തന്നെ അവരുടെ മുന്‍ശുണ്‍ഠിയില്‍ കാര്യമായ മാറ്റം വന്നു. വീട്ടില്‍ പതിവായി ചെയ്യേണ്ട ഒരു ധ്യാനം കൂടെ കുറച്ചു ദിവസം ചെയ്തപ്പോള്‍ അവള്‍ തീര്‍ത്തും ശാന്തശീലയായ ഒരു സ്ത്രീയായി മാറി. വളരെ ലളിതമായ ഒരു ധ്യാന രീതിയായിരുന്നു സ്വാമിജി പറഞ്ഞു കൊടുത്തത്. ദിവസവും രാവിലെയും വൈകിട്ടും പതിനഞ്ചു മിനുട്ട് വീതം കണ്ണാടിയുടെ മുന്നില്‍ നിന്ന് കണ്ണാടിയിലെ പ്രതിബിംബത്തിന്റെ കണ്ണിലേക്കു തന്നെ ദൃഷ്ടിയുറപ്പിച്ച് " എനിക്ക് മുന്‍ശുണ്‍ഠിയേ ഇല്ല", "എനിക്ക് മുന്‍ശുണ്‍ഠിയേ ഇല്ല" എന്ന മന്ത്രം ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരിക്കണം.

കുറച്ചു ദിവസം കൊണ്ട് ഭാര്യയില്‍ വന്ന മാറ്റം ഭര്‍ത്താവിനെ അത്ഭുതപരതന്ത്രനാക്കി . അയാള്‍ അതിനെ കുറിച്ച് ഭാര്യയോടു പറഞ്ഞപ്പോള്‍ അവര്‍ അയാളോട് കൂടെ സ്വാമിജിയെ ചെന്ന് കാണാന്‍ ഉപദേശിച്ചു.
" സ്വാമിജിക്ക് തീര്‍ച്ചയായും നിങ്ങളുടെ ആ പഴയ ഊര്‍ജ്ജവും പ്രസരിപ്പുമെല്ലാം വീണ്ടെടുത്തു തരാന്‍ സാധിക്കും, അത് കൂടെയായാല്‍ നമ്മുടെ ജീവിതം പഴയതിലും മധുരതരമാവും " അവള്‍ അയാള്‍ക്ക് ഉറപ്പ് കൊടുത്തു.
അങ്ങിനെ അയാളും സ്വാമിജിയുടെ ക്യാമ്പില്‍ പങ്കെടുക്കാനായി പോയി.
മൂന്നു ദിവസം കഴിഞ്ഞ് അയാള്‍ തിരിച്ചെത്തിയത്‌ പഴയതിലും ഉന്‍മേഷത്തോടെയും പ്രസരിപ്പോടെയുമായിരുന്നു.
വന്നയുടനെ അയാള്‍ അവളെ ചുറ്റി പ്പിടിച്ചു , പിന്നെ എടുത്ത് വട്ടം കറക്കി , കുറച്ചു നേരത്തെ സ്നേഹ പ്രകടനങ്ങള്‍ക്കൊടുവില്‍ അയാള്‍ അവളെ കിടപ്പറയിലെക്ക് ക്ഷണിച്ചു. അവളെ കിടക്കയില്‍ ഇരുത്തികൊണ്ട് " ഞാന്‍ ഇപ്പോള്‍ വരാം : എന്ന് പറഞ്ഞ് അയാള്‍ വാഷ് റൂമിലേക്ക് പോയി അഞ്ചു മിനുട്ട് കൊണ്ട് തിരിച്ചെത്തുകയും ചെയ്തു. അതിനു ശേഷം അവര്‍ എല്ലാം മറന്നൊന്നായി, അവളില്‍ അവരുടെ മധുവിധു കാലത്തെ ഓര്‍മ്മകല്‍ ജനിപ്പിക്കും വിധമായിരുന്നു അയാളുടെ ഓരോ നീക്കങ്ങളും.

വൈകിട്ട് വീണ്ടും അയാള്‍ അവളെ സമീപിച്ചു, ഇത്തവണയും അയാള്‍ ഇപ്പോള്‍ വരാമെന്ന് പറഞ്ഞു വാഷ് റൂമില്‍ പോവല്‍ ആവര്‍ത്തിച്ചു. ഇത്തവണ ഇത് വരെ അനുഭവിക്കാത്ത പുതിയ അനുഭൂതിയായിരുന്നു അയാള്‍ അവള്‍ക്ക് നല്‍കിയത്. അവള്‍ സ്വാമിജിയെ കുറിച്ചു അവള്‍ക്ക് പറഞ്ഞു കൊടുത്ത് കൂട്ടുകാരിക്ക് മനസ്സില്‍ നന്ദി പറഞ്ഞു.
അന്ന് രാത്രിയും അയാള്‍ അവളെ വിട്ടില്ല. "ഇപ്പോള്‍ വരാം" എന്ന് പറഞ്ഞ് അപ്പോഴും അയാള്‍ വാഷ് റൂമില്‍ പോയപ്പോള്‍ അവള്‍ മെല്ലെ പിറകെ ചെന്ന് എത്തി നോക്കി .
അവള്‍ നോക്കുമ്പോള്‍ അയാള്‍ വാശ്രൂമില്‍ കണ്ണാടിക്ക് മുന്നില്‍ നിന്ന് തന്റെ ധ്യാനം ചെയ്യുകയായിരുന്നു.
" ഇവള്‍ എന്റെ ഭാര്യയേ അല്ല" " ഇവള്‍ എന്റെ ഭാര്യയേ അല്ല " എന്നായിരുന്നു മന്ത്രം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ