അന്നും , ഇന്നും ....
1978
അച്ഛനും മകനും കാറിൽ വന്നിറങ്ങി.
അച്ഛൻ മകന്റെ കൈപിടിച്ചുകൊണ്ട് ആ വലിയ കെട്ടിടത്തിലേക്ക് പ്രവേശിച്ചു.
യൂണിഫോമിട്ട് കൈയ്യിൽ പുസ്തകങ്ങളുമായി മുറ്റത്തും വരാന്തയിലും നടക്കുന്ന
ചേട്ടന്മാരെയും ചേച്ചിമാരെയും, അവർക്കിടയിലൂടെ ചൂരൽവടിയുടെ
കൊടിക്കൂറകളുമായി നീങ്ങുന്ന അദ്ധ്യാപകരേയും മകൻ കൗതുകത്തോടെ നോക്കി.
അച്ഛൻ ഓഫീസിൽ ചെന്ന് അപ്ലിക്കേഷൻ വാങ്ങി പൂരിപ്പിച്ചു. കൗണ്ടറിൽ പണമടച്ച് രസീത് വാങ്ങി.
മകന്റെ കവിളിൽ ഒരുമ്മ കൊടുത്ത് അവനെ അവിടുത്തെ വാർഡനെ ഏൽപിച്ച ശേഷം അച്ഛൻ
കാറിനു നേർക്ക് നടന്നു. കാർ സ്റ്റാർട്ട് ചെയ്തിട്ട് അയാൾ മകനെ നോക്കി കൈ
വീശി. നിറഞ്ഞ കണ്ണുകളോടെ മകനും.......
അനന്തരം അയാൾ തന്റെ ബിസിനസ്സിന്റെ തിരക്കുകളിലേക്ക് കാറോടിച്ചു പോയി.
2013
അതേ അച്ഛനും മകനും കാറിൽ വന്നിറങ്ങി.
മകൻ അച്ഛന്റെ കൈ പിടിച്ചു കൊണ്ട് ആ പഴകിയ കെട്ടിടത്തിനകത്തേക്ക്
കൂട്ടിക്കൊണ്ടു പോയി. ആരോ പണയം വെച്ചു മറന്ന പഴയ ഓട്ടുപാത്രങ്ങൾ പോലെ
ആർക്കും വേണ്ടാത്ത കുറെ ജീവിതങ്ങൾ അവിടവിടെ ഒറ്റപ്പെട്ടു
നിൽക്കുന്നുണ്ടായിരുന്നു.
മകൻ ഓഫീസിൽ ചെന്ന് അപ്ലിക്കേഷൻ വാങ്ങി പൂരിപ്പിച്ചു. കൗണ്ടറിൽ പണമടച്ച് രസീത് വാങ്ങി.
താങ്ങിന് ഒരു ഊന്നുവടിപോലുമില്ലാതെ വരാന്തയിൽ തളർന്നു നിന്ന അച്ഛനെയും ആ
നെഞ്ചിൽ നിന്നുയർന്ന കഫം കുറുകുന്ന ചുമയെയും അവഗണിച്ചുകൊണ്ട് മകൻ കാറിൽ
ചെന്ന് കയറി. പിന്നെ....
ഒന്ന് കൈവീശിക്കാണിക്കാൻ പോലും സമയമില്ലാതെ
അവൻ വളരെ വേഗത്തിൽ കാറോടിച്ചു പോയി. തിരക്കുകൾ നിറഞ്ഞ ഒരു ബിസിനസ്സ് ലോകം
അവനെയും കാത്തിരിക്കുന്നുണ്ടായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ