2013, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

പിതാവ്


പാടവരമ്പിലും പയ്ക്കിടാങ്ങള്‍ക്കും ഒപ്പമായിരുന്നു ഉപ്പയുടെ ജീവിതത്തിന്‍റെ പാതിയും. നഗ്ന പാദങ്ങള്‍ക്കൊപ്പം പൊള്ളിപ്പോയിട്ടുണ്ട് പാവം പിതാവിന്‍റെ മനസ്സും

കുംഭക്കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളില്‍ പച്ചക്കറി വിതച്ചും,കൈത്തോട്ടില്‍ വലവീശി പരല്‍മീന്‍ പിടിച്ചും,തൊടിയിലെ വാഴക്കുല വെട്ടിയെടുത്തും എന്തിന്;മരച്ചീനിപോലും മാര്‍ക്കറ്റിലെത്തിച്ചും കുടുംബ ജീവിതത്തിന്‍റെ കനം കുറക്കാന്‍ കഷ്ട്ടപ്പെട്ട പിതാവിന്‍റെ സഹന ചിത്രം മനസ്സിന്‍റെ കണ്ണാടിയില്‍ കാലം മായ്ക്കാത്ത ചുമര്‍ ചിത്രം പോലെ പച്ചപിടിച്ച് നില്‍ക്കുന്നു

സ്കൂള്‍ തുറക്കുന്ന മഴക്കാലത്ത് പുള്ളിക്കുടയും പാഠപുസ്തകവും
പെരുന്നാളിന് പുത്തനുടുപ്പും പിന്നെ വാശി പിടിച്ച് പറയുന്നതെല്ലാം മടികൂടാതെ വാങ്ങിത്തന്നു.പാളയം മാര്‍ക്കറ്റിലേക്ക് പച്ചക്കറി വില്‍ക്കാന്‍ പോയപ്പോള്‍ കൂടെ കൊണ്ടു പോയി കടല്‍ കാട്ടിത്തന്നു തിരികെ വരുമ്പോള്‍ പോരിശയാക്കപ്പെട്ട കോഴിക്കോടന്‍ ഹല്‍വയും വാങ്ങി....

വില കുത്തനെ കുറയുമ്പോള്‍ പയറും വെള്ളരിയും വില്‍ക്കുന്നത് മഞ്ചേരി പാണ്ടിക്കാട് റോഡിലാണ്...അനിയത്തി ഓര്‍മ്മപ്പെടുത്തിയ കുപ്പിവളയും, ഉമ്മച്ചി മറക്കാതെ വാങ്ങാന്‍ പറഞ്ഞ ഉണക്കമീനും കൈയ്യിലേന്തി കാവനൂരിലേക്ക് വണ്ടി കയറും

വര്‍ഷം തോറും വന്നെത്തുന്ന ഒരാഘോഷത്തിന്‍റെ നിറവും നഷ്ട്ടമാവാതെ ആറെഴെണ്ണത്തിനെ അല്ലലില്ലാതെ വളര്‍ത്തി. ബേങ്ക് ബാലന്‍സില്ലാത്ത കേവലമൊരു കര്‍ഷകനായിരുന്നിട്ടും മൂന്ന് പെണ്‍മക്കളെ പുരനിറഞ്ഞു പോയെന്ന പേരു വന്നു ചേരാതെ വേഗത്തില്‍ കെട്ടിച്ചയച്ചു (പ്രായ പരിധി 18 കഴിഞ്ഞിരുന്നെ)

ആണ്‍ക്കുട്ടികള്‍ സ്വന്തം കാലില്‍ നില്‍ക്കാനായപ്പോള്‍ കുടുംബ ജീവിതത്തിന്‍റെ തണലിട്ടു തന്നു. പേരക്കുട്ടികള്‍ക്കും പിശുക്കില്ലാത്ത വാത്സല്യം പകര്‍ന്നു കൊടുത്തു. പിന്നീട് പ്രവാസത്തിലേക്ക് പറന്നു പോയ മക്കള്‍ പച്ച പിടിച്ചിട്ടും ചോദിച്ചില്ല പത്തു രൂപ പോലും
ആത്മാഭിമാനമാണ് വലിയ സമ്പാദ്യമെന്ന വിശ്വാസം സ്വന്തം സന്താനങ്ങള്‍ക്ക് മുമ്പിലും കാത്തു സൂക്ഷിച്ചു. ജീവിതത്തിലെ കൈപ്പുരസങ്ങളെ പുഞ്ചിരിയോടെ നേരിട്ട് ജീവിതം ഭംഗിയായി അഭിനയിച്ചു കാണിച്ചു

ഉള്ളത് കൊണ്ട് പൊരുത്തപ്പെടലാണ് ജീവിതമെന്ന് പറയാതെ പറഞ്ഞു 'കടം'ഉറക്കം കെടുത്തുന്ന രോഗമാണെന്ന് പഠിപ്പിച്ചു തന്നു ആരുടെ മുമ്പിലും കൈനീട്ടരുതെന്ന് മുന്നറിയിപ്പോടെ ഓര്‍മ്മപ്പെടുത്തി.അറിവും അക്ഷരവും അഗ്നിയാണെന്നും വിദ്യയെന്ന ആയുധമില്ലെങ്കില്‍ ജീവിത യുദ്ധത്തില്‍ തോറ്റു പോവുമെന്ന് സൂഫിയെപ്പോലെ ഉപദേശിച്ചു

അഭിമാനത്തിന്‍റെ നിമിഷങ്ങളില്‍ ഉള്ളു തുറന്ന് അഭിനന്ദിച്ചു പ്രായത്തിന്‍റെ തിളപ്പില്‍ കാട്ടിക്കൂട്ടിയ പരാക്രമങ്ങളെ സ്നേഹത്തോടെ മാത്രം ശാസിച്ചു
ഭാര്യയോട് നീതി പുലര്‍ത്തി കലഹമില്ലാത്ത കുടുംബ നാഥനായി ശോഭിച്ചു. വീട്ടിലൊതുങ്ങി നില്‍ക്കാതെ കാളപൂട്ടിലും കാല്‍പന്തു കളിയിലും കമ്പം മൂത്ത് കളിക്കളങ്ങളില്‍ നിറഞ്ഞു നിന്നു

പാടത്തും പറമ്പിലും പച്ചക്കറി വിളയിച്ച്‌ സ്വയം പര്യാപ്ത നേടി
അതു കൊണ്ടാവണം പ്രായത്തില്‍ കവിഞ്ഞ യുവത്വത്തോടെ രോഗങ്ങളെ പരിധിക്ക് പുറത്ത് നിര്‍ത്താന്‍ കഴിഞ്ഞതും

ഞാനൊരു പിതാവായിത്തീര്‍ന്നപ്പോഴാണ് ഓരോ മാതാപിതാക്കളും സ്വന്തം മക്കളില്‍ അര്‍പ്പിക്കുന്ന പ്രതീക്ഷയുടെ ആഴവും,ആര്‍ദ്രദയും അറിയാന്‍ കഴിഞ്ഞത്.പിന്നിട്ട ജീവിതപ്പാതയിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സ് നിത്യവും പ്രാര്‍ഥിച്ചു പോവുന്നു

സ്വന്തം ആയുസ്സിന്‍റെ കണക്കു പുസ്തകത്തില്‍ നിന്നും ഒരു പത്തു വര്‍ഷമെങ്കിലും എന്‍റെ പിതാവിന് ദാനമായി നല്‍കണേ നാഥാ....
കാരണം ജീവിതത്തില്‍ ആരും കേള്‍ക്കാന്‍ ഇഷ്ട്ടപ്പെടാത്തത് സ്വന്തം മാതാപിതാക്കളുടെ വേര്‍പാടിന്‍റെ വാര്‍ത്തയാണ്...പ്രത്യേകിച്ച് ഓരോ പ്രവാസിയും

ഒരു കന്നുകാലിയുടെ നന്ദിയെങ്കിലും തിരികെ നല്‍ക്കാനായില്ലെങ്കില്‍ നിരര്‍ത്ഥകമല്ലാതെ മറ്റെന്താണ് ജീവിതം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ