2013, സെപ്റ്റംബർ 30, തിങ്കളാഴ്‌ച


ദൈവത്തിനു നിരക്കാത്ത മൂന്നു കഥകൾ......

ഒന്ന്.

ഹാജിയാരെ ന്റെ പെണ്ണുങ്ങളുടെ ഓപറേഷനാണ് അടുത്ത ആഴ്ച്ച.ഇങ്ങള് പള്ളി കമ്മറ്റി പ്രസിഡന്റ്‌ അല്ലെ? ഇങ്ങള് വിചാരിച്ചാൽ പള്ളി കമ്മറ്റിക്ക് ഇന്നെ ഒന്ന് സഹായിച്ചൂടെ?കൊറേ പൈസ വാണം ഓപറേഷനു.ഇന്റെ സ്ഥിതി ഇങ്ങക്കറിയൂലെ ? കമ്മറ്റിക്കാര് വിചാരിച്ചാൽ ഇന്റെ കുട്ട്യോൾക്ക് ഉമ്മണ്ടാകും.


എന്താ അബോ ഇജ്ജു പറയണത്? അനക്കറിയൂലെ നമ്മളെ പള്ളിന്റെ രണ്ടാം നില മൊസൈക് മാറ്റി മാർബിൾ ആക്കുന്ന പണി നടക്കാണെന്ന്.എത്രങ്ങാനും പൈസ മാണം.
കമ്മറ്റിക്കൊന്നും ചെയ്യാൻ കയ്യൂല അബോ.ഇജ്ജു അന്റതായ നിലേല് എല്ലാരോടുമൊന്നു കാര്യം പറ.ഇന്നെകൊണ്ട് കയ്യണത് ഞാനും തരാം ...

=======================================================
രണ്ട് ..

മൂന്നു ദിവസത്തെ ശ്രമഫലമായാണ് ചെറിയൊരു ശിൽപികൂടിയായ ആ വിറകു വെട്ടുകാരൻ മരത്തടിയിൽ മനോഹരമായ ആ കുരിശ് പണിതത്. ഒട്ടും സമയം കളയാതെ അയാളാ കുരിശുമായി പള്ളിയിലെ അച്ഛനെ പോയി കണ്ടു.
അച്ചോ .. ഇതാ ഞാൻ ഉണ്ടാക്കിയ കുരിശ്.അങ്ങ് ഇത് സ്വീകരിച്ചു പള്ളിയിൽ എവിടെയെങ്കിലും സ്ഥാപിച്ചാലും......
ഛെ..ഈ മറക്കുരിശോ? നീ സ്വർണത്തിന്റെയോ വെള്ളിയുടെയോ കുരിശു കൊണ്ടുവാ ജോസഫേ.ഇത് ഞാൻ കുശിനിക്കാരന് കൊടുത്ത് വിറകാക്കാൻ പറയാം.അല്ലെങ്കിൽ നീ തന്നെ ചന്തയിൽ കൊണ്ട് പോയി വിറകാക്കി വിറ്റൊളൂ!! ( പണ്ടെന്നോ വായിച്ച ഒരു കവിതയ്ക്ക് കടപ്പാട് )

==========================================
മൂന്ന്...

അമ്മെ വല്ലതും തരണേ. ഒരുകാലില്ലാത്തവനാണേ ......... .
ചേട്ടാ നിങ്ങളുടെ കയ്യിൽ ചില്ലറ വല്ലതുമുണ്ടോ?
ആ.ഒരു രണ്ട് രൂപയുണ്ട്.
എന്നാലതയാൾക്ക് കൊടുത്തു പെട്ടെന്ന് വരൂ..ക്ഷേത്രത്തിൽ തിരക്കാവുന്നതിനു മുന്നേ നമുക്ക് പോവണം..

തിരുമേനി ..ഇന്ന് മോളുടെ ജന്മദിനമാണ്.ഒരു പൂജ കഴിക്കണം.
ആണോ.കുട്ടിയുടെ പേരും നാളും പറഞ്ഞോളൂ..
അനാമിക. ആയില്യം...

അമ്മെ അമ്മെ...ജന്മദിന പൂജക്ക്‌ എത്രരൂപയായി..
മുന്നൂറു രൂപയായി മോളെ?എന്തെ മോളെ?
അമ്മ ആ കാശ് നമ്മൾ ഇങ്ങോട്ട് വരുമ്പോൾ കണ്ട ആ ഒരു കാലില്ലാത്ത മാമനു കൊടുത്തിരുന്നെങ്കിൽ ഇന്ന് അയാളുടെ കുടുംബത്തിനു മുഴുവൻ വയറു നിറച്ചു ഭക്ഷണം കഴിച്ചൂടായിരുന്നോ? എന്നിട്ടാ വീട്ടുകാരെല്ലാവരും കൂടി എനിക്ക് വേണ്ടി പ്രാർഥ്വിച്ചിരുന്നെങ്കിൽ അതല്ലേ അമ്മെ എനിക്കു കൂടുതൽ ഉപകാരപ്പെടുമായിരുന്നത് ?

ചെറിയ വായേൽ വലിയ കാര്യങ്ങൾ പറഞ്ഞാൽ ജന്മദിനമാണെന്നൊന്നും ഞാൻ നോക്കില്ല.മണ്ടക്കൊന്നു തരും ഞാൻ..... നിങ്ങള് കേട്ടില്ലേ ഇവളുടെ സംശയം.ആ തെണ്ടിയുടെയും കുടുംബത്തിന്റെയും പ്രാർത്ഥന വേണോ ഇവൾക്ക്?

====================================

കഷ്ട്ടപെടുന്നവരിൽ ദൈവത്തെ കാണാത്തിടത്തോളം നമ്മുടെ അരാധനകളെല്ലാം വെറും അഭ്യാസം മാത്രം..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ