ഷുഗറും കൊളസ്ട്രോളും : ഒരു പരീക്ഷണ വിജയം.
“നിങ്ങളുടെ കൊളസ്ട്രോള്‍ പരിധി കടന്നു പോയി..” കൈയിലെ ടെസ്റ്റ്
റിസള്‍ട്ടിലേയ്ക്കു നോക്കി ക്കൊണ്ട് ഡോക്ടര്‍ പറഞ്ഞ വാക്കുകള്‍
ചെവിയിയ്ക്കകത്ത് തുളച്ചു കയറി. എന്തുണ്ടാകരുതെന്ന് ആഗ്രഹിച്ചോ അതു തന്നെ
സംഭവിച്ചിരിയ്ക്കുന്നു.
“ടോട്ടല്‍ കൊളസ്ട്രോള്‍ - 255. LDL- 178, ഷുഗര്‍ 110........വറുത്തതും
പൊരിച്ചതും തൊട്ടുപോകരുത്. എണ്ണ ഒട്ടും ഉപയോഗിയ്ക്കരുത്. മുട്ട, മാംസം
ഒന്നും കഴിയ്ക്കരുത്., മധുരം കുറയ്ക്കുക.....” ഡോക്ടര്‍
പറഞ്ഞുകൊണ്ടേയിരുന്നു. ഉള്ളിലെ ആന്തലിനിടയില്‍ പകുതിയും ഞാന്‍ കേട്ടില്ല.
അവസാനം കുറിപ്പടി കൈയില്‍ കിട്ടി. കൊളസ്ട്രോളിനുള്ള മരുന്ന് കഴിയ്ക്കണം..!
ഒരു മാസം കഴിഞ്ഞ് വീണ്ടും ടെസ്റ്റ് ചെയ്യണം. എന്നിട്ടേ ഡോസ്
തീര്‍ച്ചപ്പെടുത്തുകയുള്ളു. നിരാശയോടെ ഞാന്‍ എഴുനേറ്റു പോന്നു.
മാസം ഒന്നു കഴിഞ്ഞു. വീണ്ടും ടെസ്റ്റ്, ഡോക്ടര്‍.
“ടോട്ടല്‍ - 180, LDL - 79, ഷുഗര്‍ 120.. കൊളസ്ട്രോള്‍ കുഴപ്പമില്ല. പക്ഷേ
ഷുഗര്‍ കൂടി. മധുരം ഒട്ടും കഴിയ്ക്കരുത്. ആറുമാസം കഴിഞ്ഞ് ഒന്നു കൂടി
ടെസ്റ്റ് ചെയ്യാം...”
ദൈവമേ, അടുത്തത് പ്രമേഹ രോഗിയാകാനാണൊ
വിധി..!” കടുത്ത പഥ്യവും നിയന്ത്രണവും. പ്രിയപ്പെട്ട മീന്‍ വറുത്തതും,
മധുരമിട്ട ചായയും ഐസ്ക്രീമുമെല്ലാം ഉപേക്ഷിച്ചു. മരുന്ന് ചിലപ്പോഴൊക്കെ
മുടങ്ങി (മുടക്കി).
ആറുമാസം കഴിഞ്ഞു. ടെസ്റ്റ്, ഡോക്ടര്‍.
“ടോട്ടല്‍ - 210, LDL - 150, ഷുഗര്‍ - 124.... കൊളസ്ട്രോളും ഷുഗറും
കൂടിയിരിയ്ക്കുന്നു. ഭക്ഷണം ശരിയ്ക്കും കണ്‍ട്രോള്‍ ചെയ്യുക. അല്ലെങ്കില്‍
മെഡിസിന്‍ ഡോസ് കൂട്ടേണ്ടി വരും. ഷുഗറിനും മരുന്നു കഴിയ്ക്കേണ്ടി വരും..”
ഡോക്ടറുടെ മുന്നറിയിപ്പ്...മനസ്സാകെ തളര്‍ന്നു പോയി. കൊളസ്ട്രോളിനു പുറകേ
പ്രമേഹവും പടിവാതില്‍ക്കല്‍ തല കാണിച്ചു തുടങ്ങി. ഷുഗര്‍ ലെവല്‍ 126 ആയാല്‍
ഡയബറ്റിക് ആയി.
ആദ്യത്തെ ഒരു മാസം വലിയ പഥ്യവും ഡയറ്റുമൊക്കെ
ആയിരുന്നു. ഇതിനിടെ വെളുത്തുള്ളിയുടെ ഗുണങ്ങളെ പറ്റി ഒരു ലേഖനം
വായിച്ചിരുന്നു. അതിന്‍പ്രകാരം ദിവസവും രണ്ടു നേരം വെളുത്തുള്ളി ഡ്രോപ്സ്
കഴിയ്ക്കാന്‍ തുടങ്ങി. ഒപ്പം “ഇസബ്‌ഗോള്‍” എന്ന പേരില്‍ കിട്ടുന്ന ഒരിനം
പുല്ലിന്റെ ഉമിയും ഓരോ സ്പൂണ്‍ വീതം രാത്രി കഴിച്ചു, ഫൈബറിന്റെ കലവറയാണത്.
ഒരുമാസം കഴിഞ്ഞതോടെ ഡയറ്റ് പിടിവിട്ടു. വില്ലയിലെ നേപ്പാളികുക്കുമാര്‍
എണ്ണയില്‍ മുക്കി ഉണ്ടാക്കുന്ന കറികളും മീന്‍ വറുത്തതും ചിക്കന്‍
ഫ്രൈയുമൊക്കെ കുറേശ്ശെ കഴിച്ചു. രണ്ടു നേരം മധുരമിട്ട അരഗ്ലാസ് ചായ, മൂന്നു
നേരം മധുരമില്ലാതെ കാപ്പി.. പോരാഞ്ഞിട്ട് ഇടയ്ക്ക് ഐസ്ക്രീമും പായസവും
അലുവയും. ഓരോ തവണയും ഓര്‍ക്കും ഇനി കഴിക്കില്ല എന്ന്. എന്തായാലും സംഗതി
കുളമായി. മരുന്നൊക്കെ വല്ലപ്പോഴും കഴിയ്ക്കും. എന്നാല്‍ വെളുത്തുള്ളിയും
ഉമിയും മുടക്കിയില്ല, ഡെയിലി വ്യായാമവും.
ഒരു വര്‍ഷത്തിനു ശേഷം
കഴിഞ്ഞ ദിവസം ടെസ്റ്റിനുപോകുമ്പോള്‍ എനിയ്ക്കു നല്ല ഉറപ്പായിരുന്നു,
കൊളസ്ട്രോളും ഷുഗറും ആകാശം മുട്ടിക്കാണും. ഇനി മേല്‍ “നല്ല“ ഭക്ഷണം ഒരു
സ്വപ്നമാകും...
ഇത്തവണ കമ്പ്ലീറ്റ് ചെക്കപ്പ് ആണ് ഡോക്ടര്‍ നിര്‍ദേശിച്ചത്.
ടെസ്റ്റ് റിസള്‍ട്ടിന്മേല്‍ നോക്കി ഡോക്ടര്‍ അല്പനേരം ഇരുന്നു. പിന്നെ
എന്റെ മുഖത്തേയ്ക്കും. ഞാന്‍ ആ നോട്ടം നേരിടാന്‍ വയ്യാതെ താഴേയ്ക്കു
നോക്കി.
“കൊള്ളാമല്ലോ ഇത്..! ടോട്ടല്‍ - 116. LDL - 59. ഷുഗര്‍
114. കിഡ്നി ഫംഗ്ഷന്‍, ലിവര്‍ ഫംഗ്ഷന്‍ എല്ലാം നോര്‍മല്‍. യൂറില്‍ ടെസ്റ്റ്
എല്ലാം നോര്‍മല്‍. ഗുഡ്....! “
അത്ഭുതം കൊണ്ട് എന്റെ കണ്ണു
തള്ളിപ്പോയി. ടോട്ടല്‍ കൊളസ്ട്രോള്‍ 200 വരെ നോര്‍മല്‍ ആണ്, LDL 130
വരെയും. ഇതെങ്ങനെ സംഭവിച്ചു. ഒരു വേള ബ്ലഡ് സാമ്പിള്‍ മാറിപ്പോയോ എന്നു
പോലും സംശയിച്ചു പോയി. ആലോചിച്ചപ്പോള്‍ അന്നു ലേഖനത്തില്‍ വായിച്ചതൊക്കെ
ഓര്‍മ്മ വന്നു. വെളുത്തുള്ളിയുടെയും ഫൈബറിന്റെയും അത്ഭുത ഗുണങ്ങള്‍.
ഇതെന്റെ അനുഭവമാണ്. ആര്‍ക്കെങ്കിലും ഉപകാരപ്പെടുന്നെങ്കില്‍ ആവട്ടെ എന്നു കരുതി പറഞ്ഞെന്നു മാത്രം.
പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ എന്നീ ജീവിത ശൈലീ രോഗങ്ങള്‍ ഒരു ദിവസം
കൊണ്ടു വരുന്നതല്ല. ഒരു ദിവസം കൊണ്ടു പോകുകയുമില്ല. ഇന്ന് പല
“അത്ഭുത”മരുന്നുകളും മാര്‍ക്കറ്റിലുണ്ട്. ഷുഗര്‍ മാറ്റും, കൊളസ്ട്രോള്‍
മാറ്റും എന്നൊക്കെ പറഞ്ഞ്. ശുദ്ധ തട്ടിപ്പാണിത്. നമ്മുടെ ചുറ്റിലുമുള്ള പല
നിത്യോപയോഗ വസ്തുക്കള്‍ക്കും പല രോഗശമന ഗുണങ്ങളുമുണ്ട്. അവയെ വേണ്ട
രീതിയില്‍ ഉപയോഗപ്പെടുത്തിയാല്‍ പല ആരോഗ്യപ്രശ്നങ്ങളും പരിഹരിയ്ക്കാം.
നമ്മുടെ ആരോഗ്യപാലനം ഡോക്ടര്‍മാര്‍ക്ക് പൂര്‍ണമായി വിട്ടുകൊടുക്കേണ്ടതില്ല.
മാരക അവസ്ഥകളില്‍ അവരുടെ സേവനം കൂടിയേ കഴിയൂ. എന്നാല്‍ ജീവിത ശൈലീ
രോഗങ്ങളുടെ കാര്യത്തില്‍ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ നമുക്ക് പല രോഗങ്ങളെയും
ചെറുക്കാനാകും. ആദ്യമായി വേണ്ടത്, നമ്മുടെ ശരീരത്തിന്റെ ഇപ്പോഴത്തെ
ആരോഗ്യാവസ്ഥ അറിയുക എന്നതാണ്. തുടര്‍ന്ന് മേല്‍പ്പറഞ്ഞ പോലെയുള്ള
പരീക്ഷണങ്ങള്‍ ചെയ്തു നോക്കുക. ഒപ്പം സമയാസമയങ്ങളില്‍ ഡോക്ടറുടെ ഉപദേശവും
തേടുക. നമ്മുടെ ശരീരത്തിന് അത്ഭുതകരമായ പുനരുജീവന ശേഷിയുണ്ട്. അതിനെ
നമ്മള്‍ പരിപോഷിപ്പിച്ചാല്‍ മിക്ക രോഗങ്ങളില്‍ നിന്നും രക്ഷ നേടാം.
അടിക്കുറിപ്പ്: വെളുത്തുള്ളി സത്ത് ക്യാപ്സൂള്‍ രൂപത്തില്‍ ലഭ്യമാണ്.
(Garlic Pearls.) വെളുത്തുള്ളി ചൂടാക്കിയാല്‍ അതിന്റെ ഗുണം നഷ്ടപ്പെടും.
പച്ചയ്ക്ക് കഴിയ്ക്കാന്‍ നമുക്കു ബുദ്ധിമുട്ടുമാണ്. ആയതിനാ; ക്യാപ്സ്യൂള്‍
മേടിയ്ക്കുകയാണ് നല്ലത്.
ഉത്തരെന്ത്യയിലെ ഒരിനം പുല്‍വിത്തിന്റെ ഉമിയാണ് “ ISABGOL"
Indi Mate commented: ഡിയര്‍ അബ്ദുറഹ്മാന്‍..
താങ്കള്‍ ചെയ്തത് വളരെ വലിയ ഒരു നന്മയാണ്.
ഞാന്‍ ഏറെക്കാലമായി ഗള്‍ഫില്‍ ജീവിക്കുന്ന ആളാണ്. ഇത് വരെ
ഷുഗര്‍/കൊളസ്ട്രോള്‍ ടെസ്റ്റ് കളൊന്നും നടത്തിയിട്ടില്ല. നടത്തേണ്ടി
വന്നിട്ടില്ല. എന്നാലും അടുക്കളയിലെ ഔഷധങ്ങളെ പരമാവധി ചൂഷണം ചെയ്യുന്ന
ഒരാളാണ് ഞാന്‍. ഭാവിയില്‍ ആരോഗ്യം സുരക്ഷിതമാല്ലെന്കില്‍ മറ്റുള്ളവര്‍
കഷ്ടപ്പെടുമെന്ന ചിന്തയാണ് കാരണം.
ഇന്ഗ്ലീഷ് ചികില്‍സയില്‍ ഒട്ടും
വിശ്വാസമില്ല. കാരണം, നിങ്ങള്‍ പരാതിപ്പെടുന്ന രോഗം അത് ഭംഗിയായി
ചികിത്സിക്കുകയും ഈ ചികില്‍സ കാരണം പിന്നീട് ഉണ്ടായേക്കാവുന്ന എന്ത്
രോഗാവസ്തകളെയും അവഗണിക്കുകയും, അതിനുള്ള ചികില്‍സ അപ്പപ്പോള്‍ ചെയ്യാം
എന്നും ഉള്ളതാണ് അലോപ്പതിയുടെ സമീപനം. എന്ന് വച്ചാല്‍ ആലോപതിക്ക് നിങ്ങളുടെ
പരാതി പരിഹരിക്കുക മാത്രമേ ലക്ഷ്യമുള്ളൂ. നിങ്ങളുടെ ആരോഗ്യം അവരുടെ
വിഷയമല്ല. (അല്പം കൂടി കടന്നു പറഞ്ഞാല്‍, നിങ്ങളുടെ രോഗാവസ്ഥയാണ് അവരുടെ
നിലനില്‍പ്പ്)