2013 ഒക്‌ടോബർ 7, തിങ്കളാഴ്‌ച

ദാരിദ്ര്യം

ദാരിദ്ര്യം ഒരു മനോഭാവമല്ല..
ഒരു അനുഭവമാണ്...
പൊള്ളുന്ന മണലിലൂടെ
നഗ്നപാദനായി
വിയര്‍ത്തൊലിച്ചു
തണലിനായി ഉഴറി നടക്കുന്ന അനുഭവം
തണലെന്നു കരുതി
കയറി നില്‍ക്കുന്നിടം
വെയിലിനെക്കാള്‍ പൊള്ളുന്ന അനുഭവം.

അതു കൊണ്ടാണ്
കാലമെത്ര കഴിഞ്ഞാലും
ഉള്ളം പൊള്ളിക്കുന്ന ചില ഓര്‍മ്മകള്‍
എല്ലാ മറവികളെയും പിന്നില്‍ തള്ളി
പരുന്തുകളെ പോലെ
വട്ടമിട്ടു പറക്കുന്നത്

അതു കൊണ്ടാണ്
അലക്ക് കഴിഞ്ഞുണങ്ങാത്ത കുപ്പായവും
സ്കൂളിലെ മണിമുഴക്കവും തമ്മില്‍
അങ്കം വെട്ടുന്ന നിമിഷങ്ങളെ
ഇപ്പോഴും കൃത്യമായി എണ്ണിഎടുക്കാന്‍ പറ്റുന്നത്..
അതു കൊണ്ടാണ്
വള്ളി പൊട്ടിയ പഴയ ഹവായ് വലിച്ചെറിയാതെ
പുതിയ വാറു വാങ്ങാനുള്ള ഒന്നര രൂപ കിട്ടുന്നത് വരെ
നഗ്നപാദനായി സ്കൂളില്‍ പോകുന്നത്...

അതു കൊണ്ടാണ്
പുസ്തകമില്ലാത്തതിനാല്‍ കൈവെള്ളയില്‍ തിണര്‍ത്ത പാട് തിരുമ്മി
ക്ലാസിനു പുറത്ത് നിന്ന്
തിളയ്ക്കുന്ന നട്ടുച്ചയിലേക്ക് നോട്ടമെറിയുന്നത്..
അതു കൊണ്ടാണ്
ദാനം കിട്ടിയ പഴയ പുസ്തകങ്ങളില്‍
മദിപ്പിക്കുന്ന പുതുമണം ഉണ്ടാവില്ലെന്ന് തിരിച്ചറിയുന്നത്‌.
അതു കൊണ്ടാണ്
ബട്ടണ്‍ പൊട്ടിയ ട്രൌസറിന്റെ വിളുമ്പില്‍ നിന്നും ഒരു മൊട്ടു സൂചി
അടിവയറ്റില്‍ തറച്ചുകയറി ചോരയൊലിപ്പിക്കുന്നത്

അതു കൊണ്ടാണ്
(ഉപ്പയുടെ മരണശേഷം)
ഉപ്പയുടെ സുഹൃത്തു കൂടിയായ പലചരക്കുകടക്കാരന്‍
പറ്റുബുക്കില്‍ നോക്കി
ഇനി കടം തരാന്‍ പറ്റില്ല
എന്ന് തീര്‍ത്തു പറയുന്നത്.
അതു കൊണ്ടാണ്
ഒഴിഞ്ഞ സഞ്ചി തിരികെ ഏല്‍പ്പിച്ച് അത് ചെന്ന് പറയവേ
നിറയുന്ന കണ്ണുകള്‍ കാണാതിരിക്കാന്‍
ഉമ്മ മുഖം തിരിച്ചു കളയുന്നത്.
അതു കൊണ്ടാണ്
അകാലവൈധവ്യം കയ്പ്പാണെന്നും
അനാഥത്വം ചവര്‍പ്പാണെന്നും
കണ്ണുനീര്‍ ഉപ്പാണെന്നും
വായില്‍ വെയ്ക്കുന്ന ഓരോ വറ്റും
മറക്കാതെ പറഞ്ഞു തരുന്നത്.

ദാരിദ്ര്യം വെറും അനുഭവമല്ല,
അന്നത്തിന്റെ വില പറഞ്ഞു തരുന്ന
അധ്യാപകന്‍ കൂടിയാണ്
എന്ന് പറഞ്ഞു തന്നത്
ആമിനുമ്മയാണ്.
കടം വാങ്ങിയ കാശിനു
വാടക സൈക്കിളില്‍ റേഷന്‍ അരിയുമായി മടങ്ങവേ
അവരുടെ കുടിലിനു മുന്നില്‍ വെച്ചു മറിഞ്ഞു വീണ
ഞാനും
സൈക്കിളും...
സഞ്ചിയും....
വീട്ടിലെത്തിയതിന്റെ പിറ്റേന്ന്
മണ്ണില്‍ കുഴഞ്ഞ അരി മുഴുവന്‍
ഒരു മണി പോലും കുറയാതെ
ചേറിത്തെള്ളി
മണലും പൊടിയും കളഞ്ഞു
ഒരു ചെമ്പില്‍ നിറച്ചു
വീട്ടിലേക്കു കയറി വന്ന ആമിനുമ്മ.

അതില്‍ പിന്നീടാണ്
നട്ടുച്ചയിലും തണല്‍ വീശുന്ന മേഘക്കീറുകളെ
അത്ഭുതം കൂറാതെ നോക്കാന്‍ ഞാന്‍ ശീലിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ