2013 ഒക്‌ടോബർ 10, വ്യാഴാഴ്‌ച

വൃദ്ധസദനം

ഇന്നാണ് മുത്തശ്ശനെ പുതിയ സ്കൂളില്‍ ചേര്‍ക്കുന്ന ദിവസം. പുതിയ ഷര്‍ട്ടൊക്കെ വാങ്ങിക്കൊടുത്തിട്ടുണ്ട് അച്ഛന്‍ . പുതിയ ബ്രഷ്, പേസ്റ്റ്, തോര്‍ത്ത് മുണ്ട്, കത്രിക, അങ്ങനെ എല്ലാം പുതിയത് തന്നെ. മൂക്കിനു മുകളില്‍ വെച്ച ആ കണ്ണട മാത്രം പഴയത്.
മുത്തശ്ശന്റെ സ്കൂളില്‍ ഒരുപാട് മുത്തശ്ശന്മാരും മുത്തശ്ശിമാരും ഉണ്ടെന്നാണ് മുത്തശന്‍ പറഞ്ഞത്. എന്റെ അച്ഛനെ സ്കൂളില്‍ ചേര്‍ത്തത് മുത്തശ്ശന്‍ ആണെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ മുത്തശ്ശനും അച്ഛനു വേണ്ടി ഈ സാധനങ്ങളെല്ലാം വാങ്ങി കൊടുത്തിട്ടുണ്ടാകും.
മുത്തശ്ശന്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുക ആണത്രേ. ഇനി കാണണമെങ്കില്‍ വല്ലപ്പോഴും അവിടെ പോകേണ്ടി വരും. മുത്തസ്സിക്ക് സ്കൂളില്‍ പോകാന്‍ പറ്റിയില്ല. അതിനു മുമ്പേ മുത്തശ്ശി വെള്ള വസ്ത്രം ഒക്കെ ധരിച്ച് സ്വര്‍ഗ്ഗത്തിലോട്ടു പോയി. എന്നാലും മുത്തശ്ശി സ്വര്‍ഗ്ഗം കാണാന്‍ പോകുമ്പോള്‍ എന്നെ വിളിച്ചില്ലല്ലോ എന്ന സങ്കടം മാത്രം.
മുത്തശ്ശന്‍ വളരെ ഗൌരവത്തില്‍ ആണ് ഇന്ന്. ഞാനും ആദ്യമായി സ്കൂളില്‍ പോകുന്ന ദിവസം ഇങ്ങനെ ആയിരിക്കാം.
"സാധനങ്ങളൊക്കെ എടുത്തു വെച്ചില്ലേ?"-അച്ഛന്‍ വിളിച്ചു ചോദിക്കുന്നത് കേട്ട്.
"എടുത്തു വെച്ചു"- മുത്തശ്ശന്‍ ഗൌരവം വിടാതെ പറഞ്ഞു.
"എന്നാല്‍ പിന്നെ ഇറങ്ങാം അല്ലെ?" - അച്ഛന്‍ ചോദിച്ചു.
മുത്തശ്ശന്‍ മറുപടിയൊന്നും പറയാതെ പെട്ടിയുമായി ഉമ്മരപ്പടി ഇറങ്ങാന്‍ തുടങ്ങി. എല്ലാരും ഉമ്മറത്ത് നിരന്നു നില്‍ക്കുന്നുണ്ട്. ഇളയച്ഛന്‍, അമ്മ, ഇളയമ്മ, അനിയത്തിക്കുട്ടി എല്ലാരും മുത്തശ്ശനെ യാത്രയാക്കാന്‍ നില്‍ക്കുക ആണ്.
മുത്തശ്ശന്‍ എന്നെയും അനിയത്തിക്കുട്ടിയെയും അടുത്തു വിളിച്ച് ഉമ്മ തന്നു. ആ കണ്ണുകള്‍ നിരയുന്നുന്ടെന്നു എനിക്ക് തോന്നി. അച്ഛനും ഞാനും അനിയത്തിക്കുട്ടിയും ഒക്കെ ആദ്യമായി സ്കൂളില്‍ പോകുന്ന ദിവസം കരഞ്ഞിരുന്നത്രേ...
ഇനി പ്രായമാകുമ്പോള്‍ അച്ചനെയും ഞാന്‍ സ്കൂളില്‍ ചേര്‍ക്കണം. പുത്തന്‍ ഉടുപ്പും കുടയും ബാഗും എല്ലാം വാങ്ങി കൊടുത്ത് പറഞ്ഞയക്കണം. അപ്പോള്‍ അച്ഛനും കരയുമായിരിക്കും. അല്ലെ ... ?
( കടപ്പാട് - ഇത് എഴുതിയ പേര് അറിയാത്ത സുഹൃത്തിന്)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ