2013 ഒക്‌ടോബർ 17, വ്യാഴാഴ്‌ച

ബലികര്‍മം ക്രൂരകൃത്യമോ ?

ബലികര്‍മം ക്രൂരകൃത്യമോ ?














മുസ്‌ലിംകള്‍ അവരുടെ ഹജ്ജ് കര്‍മത്തിനും അവരുടെ പെരുന്നാളിനും വേണ്ടി എത്രയധികം മൃഗങ്ങളെയാണ് കൊല്ലുന്നത്? അതല്ലാതെയും മൃഗങ്ങളെ കൊല്ലുന്നതു കൂടുതലും മുസ്‌ലിംകള്‍ തന്നെയാണ്. മൃഗങ്ങളോടും ജന്തുക്കളോടും മുസ്‌ലിംകള്‍ ക്രൂരമായി പെരുമാറുന്നതു എന്തുകൊണ്ടാണ്? നമ്മുടെ പല സഹോദരങ്ങളും ഇത്തരത്തില്‍ സംശയവും ആക്ഷേപവും ഉന്നയിക്കാറുണ്ട്.
....................................
മനുഷ്യരുടെ സ്വഭാവത്തിലെ ന്യൂനത എന്ന നിലയില്‍ ഏതെങ്കിലും ഒരു മുസ്‌ലിമായ വ്യക്തിയുടെ അത്തരം കുറവുകളും ദോഷങ്ങളുമാണ് സഹോദരങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതെങ്കില്‍ തീര്‍ച്ചയായും അത് അംഗീകരിക്കാമായിരുന്നു.  അഥവാ ചില മുസ്‌ലിംകള്‍ മൃഗങ്ങളോടു ക്രൂരത കാട്ടുന്നുണ്ടെങ്കില്‍ സഹോദരങ്ങളുടെ ആക്ഷേപത്തോട് യോജിക്കുന്നു.

എന്നാല്‍ അത്തരം ക്രൂരതകള്‍ക്ക് പ്രചോദകം ഇസ്‌ലാമാണെന്നും ഈ ദര്‍ശനം തന്നെയും മൃഗങ്ങളോടു ക്രൂരമായി പെരുമാറാന്‍ ആഹ്വാനം ചെയ്യുന്നതാണെന്നും പറയുന്നത് തീര്‍ത്തും തെറ്റാണ്.
കാരണം മൃഗങ്ങളെ പരിഗണിക്കുന്നതും പരിചരിക്കുന്നതും വിശ്വാസത്തിന്റെ തന്നെ ഭാഗമെന്നു പഠിപ്പിച്ച ദര്‍ശനമാണ് ഇസ്‌ലാം. അവക്ക് വേദനയുണ്ടെന്നും അവയെ നിങ്ങള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ തന്നെ ഉപദ്രവിക്കരുതെന്നും പഠിപ്പിച്ച ഒരു മതമാണിത്. ഒരിക്കല്‍ ക്ഷീണിച്ച് അവശയായ ഒരു ഒട്ടകത്തെ കണ്ട പ്രവാചകന്‍ അതിന്റെ അടുത്തുചെന്ന് അതിനെ തടവുകയും അതിനോടു ആശയവിനിമയം നടത്തിക്കൊണ്ടെന്നപോലെ അതിന്റെ അടുത്തുവന്നു നില്‍ക്കുകയും ചെയ്തിട്ട് 'ആരാണ് ഈ ഒട്ടകത്തിന്റെ ഉടമസ്ഥന്‍?' എന്നു ചോദിക്കുകയുണ്ടായി. അതിന്റെ ഉടമസ്ഥന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തിരുമേനി അയാളോടു ദ്യേഷ്യത്തില്‍ ചോദിച്ചു:' നീ അല്ലാഹുവിനെ ഭയപ്പെടുന്നില്ലേ? അല്ലാഹു നിനക്കു ഉടമപ്പെടുത്തിത്തന്ന ഈ മിണ്ടാപ്രാണിയെ നീ പട്ടിണിക്കിട്ട് അതിനെ പരിധിവിട്ട് പണിയെടുപ്പിക്കുന്നതായി ഈ മിണ്ടാപ്രാണി എന്നോടു പരാതിപ്പെടുകയുണ്ടായി'. (അഹ്മദ്)

മൃഗങ്ങളോടു ക്രൂരത കാണിക്കുക എന്നത് ഇസ്‌ലാം ഒരിക്കലും അംഗീകരിക്കാത്ത കാര്യമാണ്. അത്തരക്കാര്‍ക്ക് വലിയ ശിക്ഷയുണ്ടെന്നുപോലും ഇസ്‌ലാം പഠിപ്പിച്ചു. ഭക്ഷണം നല്‍കാതെയും സ്വയം ഇരപിടിക്കാന്‍അനുവദിക്കാതെയും ഒരു പൂച്ചയെ കെട്ടിയിട്ട് ക്രൂരതകാട്ടിയ സ്ത്രീയുടെ സംഭവം വിവരിച്ച് അത്തരക്കാര്‍ അന്ത്യനാളില്‍ കടുത്ത ശിക്ഷക്കു വിധേയമാകുമെന്ന് പ്രവാചന്‍ പഠിപ്പിച്ചു. (ബുഖാരി)
വ്യഭിചാരിയായ ഒരു സ്ത്രീ ,വെള്ളം ലഭിക്കാതെ ദാഹിച്ചുവലഞ്ഞ് മൃതപ്രായമായ ഒരു പട്ടിക്ക് വെള്ളം നല്‍കിയതിന്റെ പേരില്‍ അവളുടെ മുന്‍കാല പാപങ്ങള്‍ പൊറുത്തുകൊടുക്കപ്പെട്ട കഥയും പ്രവാചകന്‍ തിരുമേനി പറയുകയുണ്ടായി. (അല്‍ ബുഖാരി)

വിനോദത്തിന് വേണ്ടി മാത്രം ജന്തുക്കളെ വേട്ടയാടി കൊല്ലുകയും കൂട്ടിലടക്കുകയുമൊക്കെ ചെയ്യല്‍ സര്‍വസാധാരണമായിരുന്ന ഒരു കാലത്താണ് തിരുമേനി ഇങ്ങനെ പ്രഖ്യാപിച്ചത്.
ന്യായമായ കാരണത്തിനല്ലാതെ ഒരു പക്ഷിയെ ആരെങ്കിലും കൊല്ലുന്ന പക്ഷം, അന്ത്യനാളില്‍ അല്ലാഹു അവനെ അതിന്റെ പേരില്‍ പിടികൂടുന്നതാണ്. അപ്പോള്‍ ഒരാള്‍ ചോദിച്ചു:' എന്താണ് പ്രവാചകരേ! അതിനുള്ള കാരണം? അതിനെ ഭക്ഷിക്കാന്‍ വേണ്ടി പിടികൂടുന്നത് അനുവദനീയമാണ്. എന്നാല്‍ അവയെ വെറുതെ കൊന്നുതള്ളാനായി വേട്ടയാടുന്നവരെ അല്ലാഹു പിടികൂടുക തന്നെ ചെയ്യും'.

ഇനി,ഒരാള്‍ ഒരു മൃഗത്തെ തന്റെ ഭക്ഷണത്തിനായാണ്  അറുക്കുന്നതെങ്കില്‍ പോലും അതിനോടു കാരുണ്യവും ദയയും കാണിക്കണമെന്ന്് ഇസ്‌ലാം ആവശ്യപ്പെടുന്നു. എല്ലാ കാര്യത്തിലും പൂര്‍ണ്ണത വേണമെന്ന് ഇസ്‌ലാമിന് നിര്‍ബന്ധബുദ്ധിയുണ്ട്. 'നിങ്ങള്‍ ഒരു ഉരുവിനെ അറുക്കുകയാണെങ്കില്‍പോലും  അത് ഏറ്റവും നല്ല രീതിയില്‍ ചെയ്യുക. കത്തിക്ക് മൂര്‍ച്ചകൂട്ടി  ആ ജീവിക്ക് സുഖം നല്‍കുക. (മൂസ് ലിം)

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മൃഗങ്ങളെ അറുക്കുന്നത് ക്രൂരതയാണെന്നാണ് ചിലരുടെ വാദം. ഇസ്‌ലാമിന്റെ ബലി പെരുന്നാള്‍ ദിനം വരുമ്പോല്‍ അത്തരക്കാര്‍ ഈ വാദവുമായി ജനങ്ങള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടും. ഈ ലോകത്തിലെ മനുഷ്യര്‍ എന്ന നിലക്കു നാം എല്ലാവരും ചോദിക്കേണ്ട ചോദ്യമാണ്. മെഡിക്കല്‍രംഗത്തെ ഗവേഷണ പഠനങ്ങള്‍ക്ക്ു വേണ്ടി മില്യന്‍ കണക്കിന് മൃഗങ്ങളാണ് ലോകത്ത് വര്‍ഷംതോറും കുരുതികൊടുക്കപ്പെടുന്നത്. അത് തെറ്റോ ശരിയോ? നമ്മുടെ വിളകള്‍ക്കും കൃഷിക്കും നാശമുണ്ടാക്കുന്ന കോടിക്കണക്കിനെ കീടങ്ങളെയും ചെറു പ്രാണികളെയുമാണ് മനുഷ്യന്‍ നിത്യേനയെന്നോണം കൊന്നുതള്ളുന്നത്. ഇത് തെറ്റോ ശരിയോ? ലോകത്ത് ഇന്ന് ഇറച്ചിയുടെ ഉപഭോഗം എത്രയോ വര്‍ധിച്ചിരിക്കുന്നു. അതിന് വേണ്ടി എത്രയെത്ര മൃഗങ്ങളാണ് അറുക്കപ്പെടുന്നത്. അത് നമുക്ക് സ്വീകാര്യമോ അസ്വീകാര്യമോ? ഇതെല്ലാമിരിക്കട്ടെ, ഭക്ഷണത്തിനായി ജീവനുള്ള അസംഖ്യം പച്ചക്കറികളും ഫലവര്‍ഗങ്ങളും പാചകംചെയ്തും അല്ലാതെയും ഉപയോഗപ്പെടുത്തുന്നത് അവയ്‌ക്കൊന്നും രക്തമില്ലെന്ന ന്യായം പറഞ്ഞുകൊണ്ടാണോ? വികസനത്തിന്റെ പേരുപറഞ്ഞും അല്ലാതെയും ചെടികളും വടവൃക്ഷങ്ങളും കടപുഴക്കിയെടുക്കുന്നതും വെട്ടിനശിപ്പിക്കുന്നതും ക്രൂരതയാകില്ലെന്നാണോ?

ഇവിടെയാണ് ക്രൂരത എന്ന വാക്കിന് നിര്‍വചനം ആവശ്യമായി വരുന്നത്. അല്ലെങ്കില്‍ നാം ക്രൂരത എന്നു മനസ്സിലാക്കിയിരുന്ന ചില കാര്യങ്ങളെങ്കിലും ക്രൂരതയുടെ ഇനത്തില്‍ നിന്നും മാറ്റേണ്ടി വരും.
ഇനി ചിലരുണ്ട്. മൃഗസ്‌നേഹത്താല്‍ മനസ്സുവേദനിക്കുന്ന, മൃഗങ്ങളെ ഇല്ലായ്മ ചെയ്യുന്ന സകലപ്രവൃത്തികള്‍ക്കെതിരെയും രംഗത്തു വരുന്ന അവര്‍ മൃഗസ്‌നേഹികളെന്ന് സമൂഹത്തില്‍ പേര് സമ്പാദിച്ചവരാണ്. മൃഗങ്ങളെ ഏതെങ്കിലും വിധത്തില്‍ ഉപദ്രവിക്കുന്നതിനോ അവയ്ക്ക് ഏതെങ്കിലും വിധത്തില്‍ വേദനയുണ്ടാകുന്നതോ അവര്‍ക്കസഹ്യമാണ്. എന്നാല്‍ അത്തരക്കാര്‍ ലോകത്ത് ഒരു ചെറിയ വിഭാഗം മാത്രമേയുള്ളൂ. ലോകത്ത് എല്ലാ കാലത്തും എല്ലാ സംസ്‌കാരങ്ങളിലുമുണ്ടായിരുന്നിട്ടുണ്ട് ഇത്തരം ന്യൂനപക്ഷങ്ങള്‍. അങ്ങനെയുള്ളവര്‍ തങ്ങള്‍ ശരിയെന്നു വിശ്വസിക്കുന്ന ചില കാര്യങ്ങള്‍ക്ക് വേണ്ടിയാണ് വാദിക്കുന്നത്. അത്തരം ശരിയില്‍ ഒരു ശരിയാണ് മൃഗങ്ങള്‍ യാതൊരുകാരണവശാലും വധിക്കപ്പെട്ടുകൂടായെന്നത്. എന്നാല്‍ അവര്‍ ശരിയെന്നു കരുതുന്ന അക്കാര്യം യഥാര്‍ത്ഥത്തില്‍ അങ്ങനെ തന്നെ യാകണമെന്നില്ല.
അത്തരക്കാരെ നമുക്ക് ഓര്‍മ്മിപ്പിക്കാനുള്ളത്,  ഏതെങ്കിലും മനുഷ്യന്റെ മനോമുകുരത്തില്‍ വിരിഞ്ഞതല്ല ഇസ്‌ലാമിലെ നിയമങ്ങളും നിര്‍ദേശങ്ങളും കല്‍പനകളും വിലക്കുകളുമെന്നാണ്. മറിച്ച്, അവയെല്ലാം ദൈവഹിതമനുസരിച്ചാണ് ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്.  ആ ദൈവം തന്നെയാണ് ബലിയറുക്കാനും ആ മാംസം പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാനും കല്‍പ്പിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ